03:51pm 27 July 2026
NEWS
വീണ വിജയൻ 45 ലക്ഷം രൂപ കൈപ്പറ്റിയത് ഇൻവോയ്സ് നൽകുന്നതിന് മുന്നേ
26/07/2026  08:50 AM IST
nila
വീണ വിജയൻ 45 ലക്ഷം രൂപ കൈപ്പറ്റിയത് ഇൻവോയ്സ് നൽകുന്നതിന് മുന്നേ

കൊച്ചി: എക്സാലോജിക്–സിഎംആർഎൽ മാസപ്പടി കേസിൽ വീണയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇൻവോയ്സ് നൽകുന്നതിന് മുമ്പുതന്നെ വീണയ്ക്ക് പണം കൈമാറിയതായും, 2017 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 45 ലക്ഷം രൂപ മുൻകൂറായി ലഭിച്ചതായുമാണ് ഇഡിയുടെ കണ്ടെത്തൽ.

ഐടി മാർക്കറ്റിംഗ് കൺസൾട്ടന്റെന്ന പേരിലാണ് വീണ പണം സ്വീകരിച്ചതെന്നും, എക്സാലോജിക് കമ്പനിക്ക് പ്രതിമാസം മൂന്ന് ലക്ഷം രൂപ ലഭിച്ചിരുന്നുവെന്നും ഇഡി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട ഇൻവോയിസുകൾ ഐഫോൺ ഉപയോഗിച്ചാണ് തയ്യാറാക്കിയതെന്നും അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ച രേഖകളിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സിഎംആർഎല്ലിലെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളെക്കുറിച്ചും നിർണായക തെളിവുകൾ ലഭിച്ചതായി ഇഡി അവകാശപ്പെട്ടു. കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത 'സർക്കുലർ പേയ്മെന്റ്' രീതിയാണ് പിന്തുടർന്നിരുന്നതെന്നാണ് ആരോപണം. ഇടപാടുകാർക്ക് ഇൻവോയിസ് നൽകി ചെലവായി രേഖപ്പെടുത്തുകയും പിന്നീട് അതേ തുക പണമായി തിരികെ കൈപ്പറ്റുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ട്. ഇതിനായി ഇടപാടുകാർക്ക് കമ്മീഷനും നൽകിയിരുന്നതായി ഇഡി പറയുന്നു.

കഴിഞ്ഞ 15 വർഷത്തിനിടെ ഈ രീതിയിൽ 182 കോടി രൂപയുടെ ക്രമക്കേട് നടന്നതായും, കമ്പനിയിൽ നിന്നുള്ള പണം സ്വന്തം സ്ഥാപനങ്ങളിലേക്കും കുടുംബസ്ഥാപനമായ 'നിപുണ'യിലേക്കും വകമാറ്റിയതിനുള്ള തെളിവുകൾ ലഭിച്ചതായും ഇഡി കോടതിയെ അറിയിച്ചു. ഓഹരി ഉടമകളുടെ അറിവില്ലാതെയായിരുന്നു ഈ സാമ്പത്തിക ഇടപാടുകളെന്നും ഇഡി ആരോപിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img